യുക്രെയ്നിൽ റഷ്യൻ മിസൈലാക്രമണം; 41 പേർ കൊല്ലപ്പെട്ടു
കിയവ്: യുക്രെയ്നിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. 180ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ൻ നഗരമായ പൊൾട്ടാവയിലെ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയാണ് റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതെന്ന് പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നിലേക്ക് ഏതാനും ആഴ്ചകളായി റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ടും മിസൈലുകൾ തൊടുത്തിരുന്നു. റഷ്യൻ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ മേഖലയിലേക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.