ന്യൂസീലന്‍ഡിലെത്തുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെത്തുന്ന ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ജോലി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. കോംപിറ്റന്‍സി അസസ്മെന്റ് പ്രോഗ്രാമും (സി.എ.പി) ന്യൂസീലന്‍ഡ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷനും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും ജോലി ഉറപ്പാക്കുന്നതില്‍ നിരവധി ഇന്ത്യന്‍ നഴ്സുമാര്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ന്യൂസീലന്‍ഡില്‍ ഇപ്പോള്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരത്തില്‍ നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളെല്ലാം ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ മുന്നിലെത്തിയിട്ടുണ്ട്.
ന്യൂസീലന്‍ഡില്‍ ഒരു മാസത്തെ വീട്ടു വാടക നല്‍കാന്‍ തന്നെ വലിയ തുക ചെലവു വരും. ഇതുപോലും നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നഴ്‌സുമാരില്‍ നിന്ന് പൈസ വാങ്ങുന്ന ഏജന്‍സികളും നിരവധിയുണ്ട്.
യഥാര്‍ത്ഥ ജോലി വാഗ്ദാനം അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സുമാര്‍ ന്യൂസീലന്‍ഡിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിര്‍ദേശിക്കുന്നു. തൊഴിലുടമയുടെ സത്യസന്ധത പരിശോധിക്കുന്നതും ഉചിതമാണ്. അതിനായി pol.wellington@mea.gov.in എന്ന ഇമെയിലില്‍ ബന്ധപ്പെടാം.
ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാര്‍ക്ക് പണം നല്‍കുന്നതിനെതിരെ നഴ്‌സുമാര്‍ ജാഗ്രത പാലിക്കണം. ന്യൂസീലന്‍ഡിലെ തൊഴില്‍ദാതാവുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ നഴ്സുമാരും അവരുടെ ജീവിതപങ്കാളികളും നിലവിലെ ജോലി ഉപേക്ഷിക്കരുതെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിര്‍ദേശിച്ചു