സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യും

0

ന്യൂയോർക്ക്: ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാൻ തയ്യാറെടുക്കുന്നു. ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ഇരുവരുമില്ലാതെ മടങ്ങിയത്തെിയതിന് പിന്നാലെയാണ് വാർത്താ സമ്മേളനം നടത്താനുള്ള നാസയുടെ തീരുമാനം. ഈ മാസം 13ാം തിയതി വെള്ളിയാഴ്ചയയാണ് ബഹിരാകാശത്ത് നിന്നുള്ള അഭിസംബോധന.
വെള്ളിയാഴ്ച നടത്താനിരിക്കുന്ന കോൺഫറൻസിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ദൗത്യത്തിലെ അനുഭവങ്ങൾ ഉൾപ്പെടെ പങ്കുവയ്‌ക്കുമെന്നാണ് വിവരം. നിശ്ചയിക്കപ്പെട്ടതിലും അധികം ദിവസം ഐഎസ്എസിൽ താമസിക്കുന്നത് വഴി സംഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വെല്ലുവിളികളുമെല്ലാം ചർച്ചയാകും. ഐഎസ്എസിൽ നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ചും, അവിടുത്തെ ജീവിതരീതികൾ സംബന്ധിച്ചുള്ള വിവരങ്ങളുമെല്ലാം ഇവർ കൈമാറും.

ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇരുവരുടേയും മടക്ക യാത്രയും നിശ്ചയിച്ചിരുന്നു. എന്നാൽ സ്റ്റാർലൈനറിൽ കണ്ടെത്തിയ സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. ദൗത്യം മാസങ്ങൾ നീണ്ടതോടെ സ്റ്റാർലൈനർ തിരികെ എത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തന്നെ തുടരുകയും ചെയ്തു. 2025 ഫെബ്രുവരിയിലായിരിക്കും ഇവരുടെ മടങ്ങി വരവ് എന്നാണ് നിലവിലെ തീരുമാനം. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിലാണ് ഫെബ്രുവരിയിൽ മടക്കയാത്ര നടത്തുന്നത്

You might also like