ജി-പേയിൽനിന്നും പണം തട്ടും; ജാഗ്രത വേണമെന്ന് പൊലിസ്

0
പാലക്കാട്: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള സുരക്ഷകളും നിയമ നടപടികളുമെല്ലാം കർശനമാക്കുമ്പോഴും കൂടുതൽ എളുപ്പ വഴികളിലൂടെ തട്ടിപ്പ് നടത്തുകയാണ് മോഷ്ടാക്കൾ. ഭൂരിഭാഗം ആളുകളും ഓൺലൈൻ പേയ്മെന്റിന് ഉപയോഗിക്കുന്ന ആപ്പായ ഗൂഗിൾ പേയും പണം തട്ടാനുളള മാർഗമാക്കിയിരിക്കുകയാണ്. സ്മാർട് ഫോൺ ഉപയോഗം വലിയ വശമില്ലാത്ത അൽപം പ്രായം ചെന്നവരെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്.

പ്രായമായ ആളുകളെ സമീപിച്ച് കൈയിൽ പൈസ ഇല്ലെന്നും ചെറിയ തുക തന്ന് സഹായിച്ചാൽ അത് ഗൂഗിൾ പേ വഴി അക്കൗണ്ടിലേക്ക് ഉടൻ തന്നെ ഇട്ടു തരാമെന്നും പറഞ്ഞു ധരിപ്പിക്കും. പണം വാങ്ങിയ ശേഷം തുക അക്കൗണ്ടിലേക്ക് അയച്ച് നൽകി അത് പരിശോധിക്കാൻ ആവശ്യപ്പെടും. ആ സമയത്ത് പാസ്‌വേഡ് രഹസ്യമായി മനസിലാക്കി വെക്കുകയും സഹായിക്കാനെന്ന വ്യാജേന ഫോൺ കൈക്കലാക്കി കൂടുതൽ തുക തങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. വഞ്ചിക്കപ്പെടുന്ന വയോധികർ പിന്നീടായിരിക്കും ചതി തിരിച്ചറിയുക. അപ്പോഴേക്കും പ്രതികൾ കടന്നു കളയും. സമാന രീതിയിൽ എ.ടി.എമ്മുകളിലും സഹായിക്കാനെന്ന വ്യാജേന എത്തി തട്ടിപ്പു നടത്തുന്നവർ നിരവധിയാണ്. ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചു തുടങ്ങിയതോടെ പ്രത്യേകം ജാഗ്രത നിർദേശങ്ങൾ പൊലിസ് നൽകിയിട്ടുണ്ട്.

അപരിചിതരുമായി യു.പി.ഐ ഇടപാടുകൾ നടത്താതിരിക്കുക, പണമിടപാട് ആപ്പുകൾ ഉള്ള ഫോണുകളും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ് വേഡുകളും ഒരിക്കലും മറ്റൊരാൾക്ക് കൈമാറാതിരിക്കുക, ഓൺലൈനിലൂടെ സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ അധികൃതർ എന്ന നിലയിൽ ബന്ധപ്പെടുന്നവരോട് വളരെ സൂക്ഷിച്ച് മാത്രം ആശയ വിനിമയം നടത്തുക, വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ സൈബർ പൊലിസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും കാര്യങ്ങൾ ധരിപ്പിക്കുക തുടങ്ങിയവയിൽ എല്ലാ ഉപയോക്തക്കളും സൂക്ഷ്മത പുലർത്തണമെന്ന നിർദേശങ്ങളാണ് പൊലിസ് നൽകുന്നത്.

You might also like