ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍
സ്പാം കോളുകള്‍ മൊബൈല്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ബിസിനസ് ഓഫറുകളും സഹായാഭ്യര്‍ഥനകളുമാണ് പ്രധാനമായും സ്പാം കോളായി ഫോണിലേക്ക് എത്താറുള്ളത്. എന്നാല്‍ തിരക്കിനിടയില്‍ ഈ കോളുകള്‍ ഉപയോക്താക്കള്‍ക്ക് വല്ലാത്ത ശല്യമാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണുന്നതിന്റെ ആദ്യ പടിയായി എയര്‍ടെല്‍ സി.ഇ.ഒ ഗോപാല്‍ വിത്തല്‍ രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം കമ്പനികളുടെ മേധാവികള്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചു. സ്പാം കോളുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു ഏകീകൃത സമീപനം ആവശ്യമാണെന്നാണ് വിത്തല്‍ ടെലികോം കമ്പനി മേധാവികള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്പാം കോളുകള്‍ തടയാന്‍ സജീവമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സ്പാം കോളുകള്‍ ചെയ്യുന്ന നമ്പറുകള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും പരാതികള്‍ ഫയല്‍ ചെയ്യാന്‍ TRAI DND ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ടെലി മാര്‍ക്കറ്റര്‍മാരില്‍ നിന്നോ സ്പാമര്‍മാരില്‍ നിന്നോ വരുന്ന എല്ലാ വോയ്‌സ് അധിഷ്ഠിത പ്രമോഷണല്‍ കോളുകളും നിര്‍ത്തലാക്കാന്‍ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ യോജിച്ച് ഇത്തരത്തിലുള്ള സ്പാം കോളുകള്‍ ചെയ്യുന്ന 50 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതായും ഉപഭോക്താക്കള്‍ക്ക് സ്പാം കോളുകള്‍ ചെയ്യുന്ന 2.75 ലക്ഷത്തിലധികം മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിച്ചതായും ട്രായ് ഈ മാസമാദ്യം അറിയിച്ചിരുന്നു.