യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും

0

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും, ഐഎസ്എസിൽ നിന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.

അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ഇത് തങ്ങളുടെ കടമയാണെന്ന് ബുച്ച് വിൽമോർ പറയുന്നു. ഓരോ വ്യക്തികളുടേയും പങ്ക് ഈ തെരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശ നിലയത്തിലാണെങ്കിൽ കൂടിയും നാസ തങ്ങൾക്കത് വളരെ എളുപ്പമാക്കി തന്നുവെന്നും വിൽമോർ കൂട്ടിച്ചേർത്തു.
വളരെ പ്രധാനപ്പെട്ട കടമയാണ് തെരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തലെന്ന് സുനിത വില്യംസും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണെന്നും, അത് വളരെ രസകരമായിരിക്കുമെന്നും സുനിത പറയുന്നു. വരുന്ന നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലാണ് മത്സരം.

ജൂൺ 5നാണ് ബോയിംഗ് സ്റ്റാർലൈനറിൽ സുനിത വില്യംസും ബുച്ച് വിൽമോറും പരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ഐഎസ്എസിൽ എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും യാത്ര തിരിച്ചതെങ്കിലും, പേടകത്തിൽ കണ്ടെത്തിയ തകരാറുകൾ മൂലം ഇരുവരുടേയും യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യാത്രക്കാരില്ലാതെ പേടകത്തെ തിരികെ എത്തിച്ചു. സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമാകില്ലെന്ന നാസ വിലയിരുത്തലിന് പിന്നാലെയാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരാൻ തീരുമാനിക്കുന്നത്.

You might also like