വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളത്; ബഹിരാകാശ ജീവിതം ബുദ്ധിമുട്ടേറിയ ഒന്നല്ലെന്ന് സുനിത വില്യംസ്

0

ന്യൂയോർക്ക്: തനിക്ക് വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും, ബഹിരാകാശത്ത് തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ പ്രസ് കോൺഫറൻസിലാണ് സുനിത വില്യംസിന്റെ പരാമർശം. ജൂണിലാണ് ഇരുവരും ബോയിംഗ് സ്റ്റാർലൈനറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ സ്റ്റാർലൈനറിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതയോടെ ഇരുവരും ഐഎസ്എസിൽ തന്നെ തുടരുകയായിരുന്നു.

എട്ട് ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസിൽ എത്തിയതാണെങ്കിലും ഇരുവരും എട്ട് മാസത്തോളം ഇവിടെ ചെലവഴിക്കേണ്ടി വരുമെന്നാണ് നിലവിൽ നാസ പറയുന്നത്. ഭൂമിയിലെ ജീവിതത്തിൽ നിന്നും സ്‌പേസ് സ്റ്റേഷനിലെ ജീവിതത്തിലേക്കുള്ള മാറ്റം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും സുനിത വില്യംസ് പറയുന്നു. ” സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയിലെ പൈലറ്റുമാർ എന്ന നിലയിൽ ഇവിടെ ഒരു വർഷത്തോളം തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഒരുപക്ഷേ മടക്കയാത്ര വൈകിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. ഈ രംഗത്ത് കാര്യങ്ങളെല്ലാം അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും” സുനിത വില്യംസ് പറയുന്നു.

നാട്ടിൽ നിന്ന് തങ്ങൾക്കായി നിരവധി പ്രാർത്ഥിക്കുന്നതും ആശംസിക്കുന്നതും വളരെ അധികം വിലമതിക്കുന്നുണ്ടെന്നും, പല ബുദ്ധിമുട്ടുകളേയും നേരിടാൻ ഇത് തങ്ങൾക്ക് സഹായകമാകുന്നുണ്ടെന്നും ഇരുവരും പറയുന്നു. അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നത്‌ താൻ മിസ് ചെയ്യുന്നതായി സുനിത വില്യംസും, ഇളയമകളുടെ അവസാന വർഷ പരീക്ഷയിൽ ഒപ്പമുണ്ടാകില്ലെന്ന സങ്കടം ബുച്ച് വിൽമോറും പങ്കുവച്ചു. തങ്ങൾക്ക് സ്റ്റേഷനിൽ ഇനിയും നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും വിൽമോർ പറയുന്നു. നിലവിൽ ബുച്ച് വിൽമോറും സുനിത വില്യംസും പൂർണതോതിൽ സ്‌റ്റേഷൻ ക്രൂ അംഗങ്ങളാണ്. സ്‌റ്റേഷനിലെ വിവിധ അറ്റകുറ്റപ്പണികളിലും പരീക്ഷണങ്ങളിലും ഇവർ പങ്കാളികളാകുന്നുണ്ട്.

ഒരേ ദൗത്യത്തിൽ തന്നെ രണ്ട് വ്യത്യസ്ത ബഹിരാകാശ വാഹനങ്ങൾ ഉൾപ്പെടുന്നു എന്നത് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണെന്ന് സുനിത വില്യംസ് കൂട്ടിച്ചേർത്തു. ” ഞങ്ങൾ പരീക്ഷണത്തിനായി എത്തിയവരാണ്. അത് തന്നെയാണ് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളും. ഒരേ ദൗത്യത്തിൽ രണ്ട് ബഹിരാകാശ വാഹനങ്ങൾ പങ്കാളിയാകുന്നു എന്നതും ഇത്തരമൊരു പരീക്ഷണമാണ്. അതിൽ ആവേശമുണ്ട്. സ്റ്റാർലൈനറിൽ തന്നെ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അത് സാധിച്ചില്ലെങ്കിൽ ബുക്കിലെ അടുത്ത പേജ് മറിച്ച് അടുത്ത അവസരം നോക്കുക എന്നതാണ് മുന്നിലുള്ള മാർഗമെന്നും” സുനിത വില്യംസ് വ്യക്തമാക്കി.

You might also like