കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച യുവാവ് പിടിയില്‍.

0

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തില്‍ കാറോടിച്ച യുവാവ് പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. കാറിനുള്ളില്‍ അജ്മലിനൊപ്പമുണ്ടായിരുന്ന ശ്രീക്കുട്ടി എന്ന യുവതിയും പൊലീസ് കസ്റ്റഡിയിലാണ്. ഇവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച്‌ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.

കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാള്‍ അമിതവേഗത്തില്‍ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.

അജ്മലിന്റെ പശ്ചാത്തലം ശാസ്താംകോട്ട പൊലീസ് പരിശോധിക്കുകയാണ്. ഇയാള്‍ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാർ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികള്‍ പറയുന്നു.

You might also like