കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നു, പ്രധാനമായും മൂന്ന് കാരണങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് സാഹചര്യം വളരെ മോശമായ രീതിയില്‍ തുടരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിന്റെ നിരക്ക് 2020 ജൂണിലെ 5.5 ശതമാനം എന്ന മുന്‍ റെക്കോര്‍ഡ് മറികടന്നുകൊണ്ട് 2021 മാര്‍ച്ചില്‍ 6.8 ശതമാനമായി ഉയര്‍ന്നുവെന്നാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടേ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണസംഖ്യ നിരക്കും 5.5% ആയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലും കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ മുന്‍കരുതല്‍ വേണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.
രോഗികളുടേയും മരണങ്ങളുടേയും എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം എത്രയും പെട്ടെന്ന് മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യ വിദഗ്ധരും ക്ലിനിക്കുകളും ഉള്‍പ്പെടുന്നതാണ് കേന്ദ്ര ടീമുകള്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 100 ശതമാനം മാസ്‌ക് ഉപയോഗം, പൊതു ശുചിത്വം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കോവിഡ് പ്രതിരോധത്തിനായി പ്രത്യേക കാമ്ബെയിന്‍ ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 14 വരെ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 93,249 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ അഭാവം, പാന്‍ഡെമിക് ക്ഷീണം, നിയന്ത്രണ നടപടികളുടെ അഭാവം എന്നിവയാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്നാണ് യോഗം വിലയിരുത്തിയത്.