ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; വര്‍ക്കല ഇടവയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

0

കൊല്ലം: റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.
ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രാക്കില്‍ തെങ്ങിന്‍ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ തടിയില്‍ തട്ടിയ ഉടന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിന്‍ വേഗം കുറച്ചു വന്നതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

ട്രാക്കില്‍ നിന്ന് ലഭിച്ച തടിക്കഷണം ഉടന്‍ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡില്‍ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലര്‍ച്ചെ മുതല്‍ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് തെങ്ങിന്‍ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് ഇവരെ തുടര്‍ നടപടികള്‍ക്കായി കൊല്ലം ആര്‍ പി എഫ് സ്റ്റേ,നിലേക്കു മാറ്റുകയായിരുന്നു.

റെയില്‍വേ ട്രാക്കിലെ അട്ടിമറി – അപകട സംഭവങ്ങള്‍ വര്‍ക്കല ഇടവ ഭാഗങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുറച്ചു നാള്‍ മുമ്ബാണ് മലബാര്‍ എക്സ്പ്രസ് ട്രെയിനു വര്‍ക്കലയ്ക്കു സമീപം വെച്ച്‌ തീപിടുത്തമുണ്ടായത്. ഈ സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. ഇതിനു പിന്നില്‍ അട്ടിമറി ശ്രമമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരാഴ്ച മുമ്ബ് ചെന്നൈ – ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍, ട്രാക്കില്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സംഭവവും വര്‍ക്കലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രാക്കിലൂടെ ബൈക്കില്‍ കാമുകിയുടെ വീട്ടിലേക്കു പോയ യുവാവും രണ്ടു സുഹൃത്തുക്കളും ഈ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.

You might also like