യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാനാകും. ട്രാവൽസുകൾക്ക് പങ്കുവെച്ച പോസ്റ്ററിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞമാസമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ-ഇന്ത്യ സെക്ടറിൽ ലഗേജ് പരിധി 20 കിലോ ആയി വെട്ടിച്ചുരുക്കിയത്. ആഗസ്റ്റ് 19 മുതൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരുന്നു നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്.
എയർ ഇന്ത്യ എക്‌സ്പ്രസ് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന കേരള സെക്ടറിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് വൻ തിരിച്ചടിയായിരുന്നു. ഇതിനെതിരെ പാർലമെൻറിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നെങ്കിലും നടപടി പിൻവലിക്കാൻ കമ്പനി തയ്യാറായിരുന്നില്ല. സീസൺ സമയങ്ങളിൽ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യാനായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം. എന്നാൽ, ബാഗേജ് പരിധി കുറച്ചതോടെ യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസിനെ കൈവിടുകയും ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാനങ്ങളെ ആശ്രയിക്കാനും തുടങ്ങി. ഇതോടെ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതമാവുകയായിരുന്നു.