സ്പാം മെസേജുകളെ ബ്ലോക്ക് ചെയ്യാൻ വാടസ്ആപ്പിൽ പുത്തൻ ഫീച്ചർ
ന്യൂഡൽഹി: സ്വന്തം വാട്സ്ആപ്പിലേക്ക് എത്തുന്ന അനാവശ്യമായ സന്ദേശങ്ങളെ നിയന്ത്രിക്കാൻ മൊബൈൽ ഉപയോക്താക്കൾക്ക് ഉതകുന്ന പുതിയ ഫീച്ചറുമായി മെറ്റ. ഫെയ്സ്ബുക്കിന്റേയും വാട്ട്സ്ആപ്പിന്റേയും ഇൻസ്റ്റഗ്രാമിന്റേയുമെല്ലാം ഉടമകളായ മെറ്റ പ്ലാറ്റ്ഫോംസ് ഇൻക് ആണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെ നിയന്ത്രിക്കുന്നതാണ് ഈ ഫീച്ചർ.
വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവർക്കാണ് നിലവിൽ ഫീച്ചർ ലഭ്യമാകുകയെന്ന് മെറ്റ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെറ്റിങ്സിൽ ഫീച്ചർ ഇനേബിൾ ചെയ്താൽ അപരിചിത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഈ ഫീച്ചർ തരംതിരിക്കും. സെറ്റിങ്സിൽ ‘പ്രൈവസി-അഡ്വാൻസ്ഡ്-ബ്ലോക്ക് അൺനോൺ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ തെരഞ്ഞെടുത്താൽ ഫീച്ചർ ഉപയോഗിക്കാനാവും.
നിലവിലെ സാഹചര്യത്തിൽ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ അപരിചിതമായ നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കാൻ ഇനിയും കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തൻ ഫീച്ചറുകൾക്കൊപ്പമാണ് അൺനോൺ അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്.
അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനൊപ്പം ഡിവൈസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുമാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. അപരിചിതമായ നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ എല്ലാം ഫീച്ചർ ബ്ലോക്ക് ചെയ്യില്ല. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകൾ വരുന്ന നമ്പറുകളെ മാത്രമേ ഇത് തടയൂ.