അർജുന്റെ തകർന്ന ട്രക്കിന്റെ കാബിനുള്ളിൽ സങ്കടക്കാഴ്ചയായി മകൻ രണ്ടരവയസുകാരൻ അയാന്റെ കളിപ്പാട്ടമായ കുഞ്ഞുലോറി.
ഷിരൂർ: ഗംഗാവലിപ്പുഴയിൽനിന്ന് കരയ്ക്കെത്തിച്ച അർജുന്റെ തകർന്ന ട്രക്കിന്റെ കാബിനുള്ളിൽ സങ്കടക്കാഴ്ചയായി മകൻ രണ്ടരവയസുകാരൻ അയാന്റെ കളിപ്പാട്ടമായ കുഞ്ഞുലോറി. മകനെ വിട്ട് ദീർഘദൂരയാത്ര പോകുമ്പോഴും കൺമുന്നിൽ അവന്റെ സാന്നിധ്യം അറിയാൻ കുഞ്ഞിന്റെ എന്തെങ്കിലുമൊരു കളിപ്പാട്ടം ഒപ്പം കൊണ്ടുപോകുന്ന ശീലം അർജുനുണ്ടായിരുന്നു.
അർജുന്റെ ഭാരത് ബെൻസ് ട്രക്ക് പാടേ തകർന്ന് 72 ദിവസം പുഴയ്ക്കടിയിൽ കിടന്നിട്ടും അയാന്റെ കുഞ്ഞുലോറി ഒരു കേടുപാടുമില്ലാതെ അതിനകത്തുണ്ടായിരുന്നു; ജീവനറ്റു കിടക്കുന്ന അർജുന് സാന്ത്വനമെന്നപോലെ.അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, വാച്ച്, വഴിയിൽ വച്ച് സ്വയം ആഹാരം പാകംചെയ്തു കഴിക്കുന്നതിനുള്ള പാത്രങ്ങൾ, മാറാനുള്ള വസ്ത്രങ്ങൾ, ബാഗ്, ചെരിപ്പ് എന്നിവയും കാബിനകത്തുനിന്നു കണ്ടെത്തി. കുഞ്ഞുലോറിയുൾപ്പെടെ കാബിനകത്തുനിന്നു കിട്ടിയ അർജുന്റെ സാധനങ്ങളെല്ലാം കൃഷ്ണപ്രിയയ്ക്കും അയാനും കൊടുക്കുന്നതിനായി വീട്ടിലേക്കു കൊണ്ടുപോകുമെന്നു സഹോദരീഭർത്താവ് ജിതിനും ലോറി ഉടമ മനാഫും പറഞ്ഞു.
ലോറിയുടെ കാബിൻ സ്വന്തം വീട്ടിലെ മുറിയെന്നപോലെയാണ് അർജുൻ പരിപാലിച്ചിരുന്നതെന്നു ലോറി ഉടമ മനാഫ് പറഞ്ഞു. ചവിട്ടുപടിയിൽ കൃത്രിമപ്പുല്ലുകൊണ്ടുള്ള കാർപെറ്റ് പോലും വിരിച്ചിരുന്നു. പലതരത്തിലുള്ള സ്റ്റിക്കറുകളും അലങ്കാരങ്ങളുംകൊണ്ട് ലോറി മനോഹരമാക്കാനും ശ്രദ്ധിച്ചിരുന്നു. ഈ രീതിയിൽ ഒട്ടിച്ച ചുവന്ന നിറമുള്ള സ്റ്റിക്കറാണു കഴിഞ്ഞ ദിവസം പുഴയ്ക്കടിയിൽ സ്കൂബാ ഡൈവർമാരുടെ ശ്രദ്ധയിൽ ആദ്യം പെട്ടത്.
മണിക്കൂറുകളുടെ ശ്രമഫലമായി ഇന്നലെ രാവിലെയോടെയാണു ട്രക്ക് പുഴയിൽനിന്നു കരകയറ്റിയത്. ബുധനാഴ്ച രാത്രി ക്രെയിനിന്റെ വടം പൊട്ടിയതുമൂലം കരകയറ്റാൻ കഴിഞ്ഞിരുന്നില്ല. ദേശീയപാതയോരത്ത് എത്തിച്ചതിനു ശേഷം കാബിൻ വെട്ടിപ്പൊളിച്ച് അതിനകത്തേക്കു ശക്തിയായി വെള്ളമൊഴിച്ച് ചെളി നീക്കിയതിനുശേഷമായിരുന്നു പരിശോധന. അസ്ഥിയുടെ കൂടുതൽ ഭാഗങ്ങളും ഇതിൽ കണ്ടെത്തി. ഇവയും ഇന്നലെ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾക്കൊപ്പം കാർവാറിലെ കിംസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അസ്ഥിയുടെ ഡിഎൻഎ സാമ്പിളും അർജുന്റെ ബന്ധുക്കളുടെ ഡിഎൻഎയും ഒത്തുനോക്കിയുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണു സൂചന. പരിശോധനാഫലം വന്നാലുടൻ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും. കാർവാറിൽനിന്നു കർണാടക സർക്കാരിന്റെ സ്വന്തം ചെലവിൽ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ഗംഗാവലിപ്പുഴയിൽ സ്വകാര്യ കമ്പനിയുടെ ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതിനായി ഒരു കോടിയോളം രൂപ മുടക്കിയതും കർണാടക സർക്കാരായിരുന്നു.