2027-28 അധ്യയനവർഷം മുതൽ ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് നിർബന്ധം

0

തിരുവനന്തപുരം: സ്‌കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ ഒരുവർഷത്തെ തയ്യാറെടുപ്പിന് കേരളം. സംസ്ഥാനത്തെ സ്‌കൂൾപ്രവേശനം ദേശീയ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടാൻ 2027-28 അധ്യയനവർഷം മുതൽ ആറുവയസ്സ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

പരിഷ്‌കാരം നടപ്പാക്കാൻ അഞ്ചുവയസ്സുള്ള ഒരുലക്ഷത്തോളം കുട്ടികളെ സ്‌കൂളിൽനിന്നു മാറ്റിനിർത്തേണ്ടിവരും. ഇവർക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാനാണ് ശുപാർശ.

കുട്ടികളെ ഒന്നാം ക്‌ളാസിൽ ചേർക്കുന്ന പരമ്പരാഗതരീതി മാറുമ്പോൾ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ ബോധവത്കരണം സംഘടിപ്പിക്കണമെന്നും എസ്.സി.ഇ.ആർ.ടി. ആവശ്യപ്പെട്ടു. ആറുമുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനാണ് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും (എൻ.ഇ.പി.) നിർദേശമുണ്ട്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇങ്ങനെ മാറിക്കഴിഞ്ഞു. കേന്ദ്രസർക്കാർ നിരന്തരം കത്തയച്ചിട്ടും കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡൽഹിയും കർണാടകവും നടപ്പാക്കാനുണ്ടെങ്കിലും മാറ്റത്തിനുള്ള നടപടികൾ ഈ സംസ്ഥാനങ്ങളിൽ തുടങ്ങിക്കഴിഞ്ഞു.

കുട്ടികളുടെ മസ്തിഷ്‌കവികാസത്തിന്റെ 85 ശതമാനത്തിലേറെയും ആറു വയസ്സിനുമുൻപാണ് സംഭവിക്കുന്നത്. ഈ നിർണായകഘട്ടം അക്ഷരാഭ്യാസം പോലുള്ള ഔപചാരിക പഠനത്തിനു പകരം, കളി അധിഷ്ഠിത സാമൂഹിക-വൈകാരിക കഴിവുകൾ വികസിപ്പിക്കാൻ വിനിയോഗിക്കണമെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ അഭിപ്രായം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള നിലവാരവുമായി സമന്വയിപ്പിക്കാൻ മാറ്റം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

വെല്ലുവിളി, ഒരുക്കങ്ങൾ

ആറു വയസ്സ് നിർബന്ധമാക്കുമ്പോൾ ഒരുവർഷം അഞ്ചു വയസ്സായ ഒരുലക്ഷത്തോളം കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാതെ മാറ്റിനിർത്തണം. ഇവർക്കു പഠന സൗകര്യമൊരുക്കാൻ പ്രീ-പ്രൈമറിയിൽ ഒരു അധികവർഷ ‘ബാലവാടിക’ സജ്ജമാക്കണം.
അഞ്ചുവയസ്സുള്ളവരുടെ സ്‌കൂൾ പ്രവേശനം ഒരുവർഷത്തേക്കു മരവിപ്പിക്കുമ്പോൾ അധ്യാപക തസ്തികകളെ ബാധിക്കും. തൊഴിൽഭീഷണി നേരിടുന്നവരെ സർക്കാർ സംരക്ഷിക്കുകയോ താത്കാലിക പുനർവിന്യാസം നടത്തുകയോ ചെയ്യേണ്ടിവരും.
പ്രവേശനം ഒരുവർഷം നിലയ്ക്കുമ്പോൾ ഫണ്ടിലും സ്‌കൂൾതല വിഭവവിന്യാസത്തിലും ഹ്രസ്വകാല വെല്ലുവിളി നേരിടും.

You might also like