സ്ക്കൂളിൻെറ പ്രശസ്തിക്ക് ദുർമന്ത്രവാദം: രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; ഡയറക്ടറും സംഘവും അറസ്റ്റിൽ
ഹത്രാസ്: സ്‌കൂളിന് പ്രശസ്തിയും വിജയങ്ങളുമുണ്ടാകുന്നതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി ഡയറക്ടറും സംഘവും. ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഡി.എല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഡയറക്ടര്‍ അടക്കമുള്ളവരാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്. അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗല്‍, അദ്ദേഹത്തിന്റെ പിതാവ് ജഷോധന്‍ സിങ്, അധ്യാപകരായ ലക്ഷ്മണ്‍ സിങ്, വീര്‍പാല്‍ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളില്‍ കൂടുതല്‍ വിജയങ്ങളുണ്ടാവാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഹത്രാസ് എസ്.പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.
തിങ്കളാഴ്ച ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഡയറക്ടറായ ദിനേശ് കുട്ടിയുമായി കാറില്‍ മുങ്ങി. ആഗ്രയിലും അലിഗഡിലേക്കുമാണ് പോയത്. സംഭവമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സ്‌കൂളിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പോലീസിനെ വിവരമറിയിച്ചു. പോലീസ് അന്വേഷണത്തിലാണ് ബാഗേലിന്റെ വാഹനത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പരിക്കേറ്റ പാടുകളുണ്ട്.
ബാഗേലിന്റെ പിതാവ് ദുർമന്ത്രവാദത്തിൽ വിശ്വാസമുള്ള ആളായിരുന്നു. ഒരു കുട്ടിയെ ബലിനല്‍കിയാല്‍ സ്‌കൂളിന് പ്രശസ്തിയും വിജയങ്ങളുമുണ്ടാകുമെന്ന് ഇവര്‍ വിശ്വസിച്ചു. നേരത്തേ ഒരു കുട്ടിയെ ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.