ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

0

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ(32) മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്‌കാരം.

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കെ.ബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.എം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, മേയര്‍ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാര്‍ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു.

രാവിലെ ആറരയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപ യാത്രയായി ജനങ്ങള്‍ വീട്ടിലേക്ക് ഒഴുകി. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തു നിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു

You might also like