വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം

0

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കില്‍ ഭീകര വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂല്‍ക്കര്‍മ് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ  വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഫ്16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അഭയാര്‍ഥി ക്യാംപ് ഉദ്യോഗസ്ഥനായ ഫൈസല്‍ സലാമ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണം നടത്തിയ കാര്യം ഇസ്‌റാഈലും സ്ഥിരീകരിച്ചു.

വെസ്റ്റ് ബാങ്കിലെ നബ്‌ലസിന് വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന തൂല്‍ക്കര്‍മ് ക്യാമ്പിലാണ് യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്നാണ് ഇസ്‌റാല്‍ പറയുന്നത്.

ഏറ്റവും ജനസാന്ദ്രതയുള്ള, ദരിദ്രരായ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപില്‍ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ കണക്ക് പ്രകാരം 0.18 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയിലുള്ള ക്യാംപില്‍ 21,000ത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്.

2023 ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്‌റാല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്‌റാഈലി സൈനിക ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 695 ഫലസ്തീനികളാണ് മേഖലയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. എന്നാല്‍, 20 വര്‍ഷത്തിനിടെ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഭീകരവും മാരകവുമായ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like