ദുബായിൽ നിന്ന് നിർത്തലാക്കിയ ഫ്ലൈ ദുബായ് സർവീസുകൾ പുനരാരംഭിക്കുന്നു
ദുബായ് : മധ്യപൂർവദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് താത്കാലികമായി നിർത്തലാക്കിയ ദുബായിൽ നിന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ ഇന്ന് (വെള്ളി) പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.
റെഗുലേറ്റർ അംഗീകരിച്ച വിമാന പാതകളിൽ ഫ്ലൈ ദുബായ് സർവീസ് നടത്തുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കമ്പനി മുൻഗണന നൽകുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ പതിവ് വിമാനങ്ങളും ശനിയാഴ്ച( 5) വരെ റദ്ദാക്കിയിട്ടുണ്ട്.
ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാ തുടരാനാകില്ലെന്ന് എമിറേറ്റ്സ് പറഞ്ഞു. ബാധിക്കപ്പെട്ട യാത്രക്കാർ മറ്റുവഴികൾക്കായി അവരുടെ ബുക്കിങ് ഏജന്റുമാരെ ബന്ധപ്പെടണം. എമിറേറ്റ്‌സിൽ നേരിട്ട് ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ കമ്പനിയെ ബന്ധപ്പെടണമെന്നും കൂട്ടിച്ചേർത്തു.