ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ടെന്റിന് നേരെ കഴിഞ്ഞ ദിവസം കനത്ത ഷെല്ലാക്രമണം നടത്തി. നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേര്‍ക്കെങ്കിലും പരുക്കേറ്റതായും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെന്റുകള്‍ക്ക് ഒന്നാകെ തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അതിനിടെ, ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ലബനാനില്‍ യു.എന്‍ സമാധാന സേനയുടെ ആസ്ഥാനത്തിന്റെ പ്രധാന കവാടം കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സേന തകര്‍ത്തു. ലബനാനിലെ സമാധാന സേനയായ യു.എന്‍.ഐ.എഫ്.ഐസല്ലിന്റെ റാമിയയിലെ ആസ്ഥാനത്തിനു നേരെയാണ് ആക്രമണം. തെക്കന്‍ ലബനാനില്‍ നിന്ന് യു.എന്‍ സേനയെ പിന്‍വലിക്കണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. 15 യു.എന്‍ സമാധാന സൈനികര്‍ക്ക് പരുക്കേറ്റു.