മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

0

ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതര്‍ക്ക് എക്‌സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം പറന്നുയര്‍ന്ന തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ സുരക്ഷാ ഏജന്‍സികളെ അറിയിച്ചശേഷം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

മുംബൈയില്‍ നിന്ന് രാത്രി 2 മണിയോടെ ജെ.എഫ്.കെയിലേക്ക് സര്‍വീസ് നടത്തുന്ന എഐ119 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. ബോംബ് സ്‌ക്വാഡ് ടീം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ വിശദമായ പരിശോധന നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

You might also like