പി പി ദിവ്യ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങി

0

കണ്ണൂർ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ കീഴടങ്ങി. ദിവ്യയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യഹരജി തള്ളിയിരുന്നു.ഒക്ടോബർ 15നാണ് എ.ഡി.എം കെ. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിൽ പോവുകയായിരുന്നു.

യോഗത്തിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ ആറുമിനിറ്റ് പ്രസംഗം എ.ഡി.എമ്മിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതെന്നും സ്വന്തം സഹപ്രവർത്തകർക്കു മുന്നിൽ നടത്തിയ വ്യക്തിഹത്യയാണ് മരണകാരണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കേസിൽ കക്ഷി ​ചേർന്ന നവീന്റെ കുടുംബത്തിന്റെ അഭിഭാഷകനും ഇതേ വാദം ആവർത്തിച്ചു.ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു. ഇനി പാർട്ടിതല നടപടിക്കും സാധ്യതയുണ്ട്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗമാണ് ദിവ്യ.

You might also like