ക്രൈസ്തവരെ തടവിലാക്കി പീഡിപ്പിക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍ ചൈനയിലുണ്ടെന്നു വെളിപ്പെടുത്തല്‍

0

ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ക്രൈസ്തവര്‍ രഹസ്യ പരിവര്‍ത്തന കേന്ദ്രങ്ങളില്‍ (ട്രാന്‍സ്ഫോര്‍മേഷന്‍ സെന്റര്‍) പീഡനത്തിനും, മസ്തിഷ്കപ്രക്ഷാളനത്തിനും, നിര്‍ബന്ധിത വിശ്വാസത്യാഗത്തിനും ഇരയാകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ അധോസഭാംഗമായ ഒരു വിശ്വാസിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചുള്ള ‘ഫ്രീ റേഡിയോ ഏഷ്യ’യുടെ വിവരണവുമായിട്ടാണ് ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2018-ല്‍ ദേവാലയത്തില്‍ നടന്ന പരിശോധനക്കിടയില്‍ പിടിയിലായ തന്നെ സുരക്ഷാ പോലീസുമായി സഹകരണമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ രഹസ്യകേന്ദ്രത്തിലാണ് പത്തു മാസത്തോളം പാര്‍പ്പിച്ചതെന്നാണ് ഈ വിശ്വാസി പറയുന്നത്. രഹസ്യ കേന്ദ്രത്തില്‍ ജാലകങ്ങളൊന്നുമില്ലാത്ത മുറിയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഈ പത്തു മാസങ്ങള്‍ക്കിടയില്‍ മര്‍ദ്ദനത്തിനും, അസഭ്യ വര്‍ഷംകൊണ്ടുള്ള അധിക്ഷേപത്തിനും കടുത്ത മാനസിക പീഡനത്തിനും ഇരയായി. ഭിത്തിയില്‍ തലയും ശരീരവും ഇടിപ്പിച്ച് മാനസികപീഡനത്തിന് വരെ വിധേയമാക്കി. യുണൈറ്റഡ് ഫ്രണ്ട് ഉദ്യോഗസ്ഥരാണ് ഇതെല്ലം ചെയ്യുന്നതെന്നും പോലീസ് ഇതെല്ലാം കണ്ടെല്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്നേയും, തന്നേപ്പോലെയുള്ള ക്രൈസ്തവരായ മറ്റു സഹതടവുകാരെയും നിര്‍ബന്ധപൂര്‍വ്വം അവര്‍ പറഞ്ഞ കാര്യങ്ങള്‍ സമ്മതിപ്പിച്ച് മസ്തിഷ്കപ്രക്ഷാളനത്തിന് ഇരയാക്കിയതായും ഇത്തരത്തിലുള്ള പരിവര്‍ത്തന കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുള്ള നിരവധി ക്രൈസ്തവരെ താന്‍ പ്രതിനിധീകരിക്കുകയാണെന്നും പരാമര്‍ശമുണ്ട്. തടവില്‍ കഴിയുന്ന അധോസഭയില്‍പ്പെട്ട വൈദികരെ മോചിപ്പിക്കുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള പരിവര്‍ത്തന കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയിഗുര്‍ മുസ്ലീങ്ങളെ പാര്‍പ്പിക്കുന്ന കുപ്രസിദ്ധമായ പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളെ അപേക്ഷിച്ച് പരിവര്‍ത്തന കേന്ദ്രങ്ങള്‍ ചെറുതാണെങ്കിലും, ഇത്തരത്തിലുള്ള നിരവധി രഹസ്യ കേന്ദ്രങ്ങള്‍ ചൈനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like