ഹെയ്തിയിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോൺവന്റ് അഗ്നിക്കിരയാക്കി സായുധ സംഘം
പോർട്ട് ഓ പ്രിൻസ്: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയുടെ ഹെയ്തിയിലെ കോൺവെന്റ് അഗ്നിക്കിരയാക്കി അക്രമികൾ. പോർട്ട് ഓ പ്രിൻസിലെ ബാസ് ഡെൽമാസിലുള്ള കോൺവെന്റാണ് സായുധ സംഘം തകർത്തത്. കോൺവെൻറും അതിനോട് ചേർന്നുള്ള ഡിസ്പെൻസറിയും കൊള്ളയടിച്ച ശേഷമാണ് തീയിട്ട് നശിപ്പിച്ചത്.
ഒക്ടോബർ അവസാനം നടന്ന അക്രമം മിഷ്ണറി വൈദികനായ ഫാ. സിപ്രിയനാണ് പുറം ലോകത്തെ അറിയിച്ചത്. അഗ്നിയ്ക്കിരയാക്കുന്നതിന് മുൻപ് കോൺവെൻറിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ഇപ്പോൾ സാൻ ജോസ് സ്കൂളിന് സമീപമുള്ള മാർക്കറ്റിൽ പരസ്യമായി വിൽക്കുകയാണെന്ന് സിസ്റ്റർ പേസി വെളിപ്പെടുത്തി.
ഹെയ്തിയിലെ ഏറ്റവും ദുർബലരായ സമൂഹത്തിന് വലിയ കൈത്താങ്ങ് പകരുന്നവരായിരിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം. 1979 ൽ മദർ തെരേസ സ്ഥാപിച്ച ഈ കോൺവെന്റിൽ ശരാശരി 1500 രോഗികളെ വർഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുർബലരായ ജനങ്ങൾക്ക് സൗജന്യ സേവനം നൽകിവരുകയായിരുന്ന കോൺവെന്റാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്