ഉഷ വാന്‍സ്: അമേരിക്കയുടെ സെക്കന്‍ഡ് ലേഡി ആയി വരുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ

0

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ് വിജയമുറപ്പിച്ചിരിക്കുകയാണ്.

വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനേയും വാനോളം പുകഴ്ത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡി വാന്‍സ് വൈസ് പ്രസിഡന്റ് ആകുന്നതോടെ അമേരിക്കയുടെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ് മാറും. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണിവര്‍. ഇതോടെ ആരാണ് ഉഷ വാന്‍സ് എന്ന ചോദ്യങ്ങളുയരുകയാണ്.

നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയായ ഉഷ ചിലുകുറി വാന്‍സിന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയവരാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഉഷ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തരബിരുദം സ്വന്തമാക്കിയത്. നിയമമേഖലയില്‍ തന്റേതായ കരിയര്‍ പടുത്തുയര്‍ത്തിയ ഉഷ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജെ.ഡി വാന്‍സും ഉഷയും പരിചയപ്പെടുന്നത്. പഠനത്തോടൊപ്പം അവരുടെ പ്രണയവും വളര്‍ന്നു. പഠനത്തിന് ശേഷം 2014ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇവാന്‍, വിവേക്, മിറാബേല്‍ എന്നാണ് കുട്ടികളുടെ പേരുകള്‍. പൊതുവേദികളില്‍ അപൂര്‍വ്വമായി മാത്രമെത്തുന്ന ഉഷ ജെ.ഡി വാന്‍സിന്റെ രാഷ്ട്രീയയാത്രയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിവരുന്നു.

You might also like