ലോകരാജ്യങ്ങളിലെ ഏറ്റവും മനോഹരമായ വിമാനത്താവളം യുഎഇയില്‍
അബുദാബി: ലോകരാജ്യങ്ങളിലെ ഏറ്റവും മനോഹരമായ വിമാനത്താവളം യുഎഇയില്‍. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. സായിദ് എയര്‍പോര്‍ട്ടിന്റെ അതിമനോഹരമായ വാസ്തുവിദ്യയും രൂപകല്‍പ്പനയുമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പ്രശസ്തമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് ആണ് വിമാനത്താവളത്തിന് ലഭിച്ചത്.
സ്റ്റേഡിയങ്ങള്‍, ആഡംബര ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയ്ക്കാണ് രൂപകല്‍പ്പന പരിഗിണിച്ച ശേഷം പുരസ്‌കാരം നല്‍കുന്നത്. യുനസ്‌കോ ആരംഭിച്ച പ്രി വേര്‍സായി പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മികവിനുള്ള അംഗീകാരം നേടിയത്. യുഎഇയുടെ സംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിന്റെ രൂപകല്‍പനയും നിര്‍മാണവും.
7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും. ലോകത്തെ നിരവധി മുന്‍നിര എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ സായേദ് വിമാനത്താവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. 1982ല്‍ ആണ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് നവീകരിക്കുകയായിരുന്നു. ഗള്‍ഫ് രാജ്യത്തെ വിമാനത്താവളമായതിനാല്‍ തന്നെ നിരവധി മലയാളികളും ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.