സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം വൈകും; സിറ്റിങ് മാറ്റിവെച്ച് റിയാദ് ക്രിമിനൽ കോടതി

0

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ദിയാധനം നൽകി ജയിൽമോചനം കാത്തിരിക്കുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനം സംബന്ധിച്ച് ഇന്നും ഉത്തരവുണ്ടായില്ല. ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു. കേസ് ഡിസംബർ 30 ന് രാവിലെ 11:30 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചത്.

ആവശ്യപ്പെട്ട 34 കോടി രൂപ ദിയാധനം നൽകിയതോടെ കുടുംബത്തിന്റെ സമ്മതപ്രകാരം ജുലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. നടപടികൾ പൂർത്തീകരിച്ച് അബ്ദുൾ റഹീമിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും. എന്നാൽ മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്‌ക്കുകയായിരുന്നു. പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള നടപടിക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

ദിയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ അബ്ദുറഹീമിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. ആദ്യ സിറ്റിങ് ഒക്ടോബർ 21 ന് നടന്നെങ്കിലും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചനകാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്ന് അറിയിച്ച് കോടതി നീട്ടിവെക്കുകയായിരുന്നു. അടുത്തിടെ അബ്ദുൾ റഹീമിന്റെ ഉമ്മ ഉൾപ്പെടെയുളളവർ ജയിലിലെത്തി റഹീമിനെ സന്ദർശിച്ചിരുന്നു.

You might also like