മാധ്യമപ്രവർത്തകരുടെ വാഹനത്തിനുനേരെ ഇസ്രായേൽ ആക്രമണം;അഞ്ച് പേർ കൊല്ലപ്പെട്ടു
ഗസ്സ: മാധ്യപ്രവർത്തകരുടേതെന്ന മനസിലായിട്ടും വാഹനം ആക്രമിച്ച് ഇസ്രായേൽ. അഞ്ച് മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രസ്സ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വെള്ളനിറത്തിലുള്ള വാഹനം ഇസ്രായേൽ ആക്രമണത്തിൽ കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫാദി ഹസൗന, ഇബ്രാഹിം അൽ-ഷെയ്ഖ് അലി, മുഹമ്മദ് അൽ-ലദാഹ്, ഫൈസൽ അബു അൽ-ക്വസാൻ, അയ്മാൻ അൽ-ജാദി എന്നീ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഒരാഴ്ചക്കുള്ളിൽ നിരവധി മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ഇസ്രായേലിനോട് മറുപടി പറയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് വ്യക്തമാക്കി.
ലോകത്തകമാനം 95 മാധ്യമപ്രവർത്തകരാണ് ഈ വർഷം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷം കൊലപാതകങ്ങൾക്ക് പിന്നിലും ഇസ്രായേലായിരുന്നു.
നേരത്തെ വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. തെക്കൻ ഗസ്സയിൽ ഹൈപോതെർമിയ മൂലം മൂന്ന് കുട്ടികൾ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഗസ്സയിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ ഇസ്രായേൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്.