ക്രിസ്മസ് ദിനത്തിലും യുക്രൈനെ വിടാതെ റഷ്യ, 70 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം
കീവ്: ക്രിസ്മസ് ദിനത്തിലും യുക്രൈനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈന്റെ ഊർജമേഖലകൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണമെന്ന് പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി അറിയിച്ചു. 70 മിസൈലുകളും നൂറിലധികം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു റഷ്യ ആക്രമണം നടത്തിയതെന്നും ആക്രമണത്തിനായി ക്രിസ്മസ് ദിനം തെരഞ്ഞെടുത്തത് ബോധപൂർവമാണെന്നും സെലൻസ്കി കുറ്റപ്പെടുത്തി.
യുക്രെയ്ൻ തലസ്ഥാനമായ കിവിലും ഖാർകീവിലും ശക്തമായ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സെൻട്രൽ യുക്രെയ്നിയൻ നഗരമായ ക്രിവി റിയയിലെ ഒരു അപ്പാർട്ട്മെന്‍റിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.