അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം: 46 മരണം തിരിച്ചടിക്കുമെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാന്റെ (ടി.ടി.പി / പാകിസ്ഥാനി താലിബാൻ) അഫ്ഗാനിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച താലിബാൻ, കാബൂളിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പാക് സർക്കാരോ സൈന്യമോ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കിഴക്കൻ പക്തിക പ്രവിശ്യയിലെ ബാർമൽ ജില്ലയിൽ പാക് അതിർത്തിക്ക് സമീപം നാലിടങ്ങളിലാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളുമുപയോഗിച്ച് ആക്രമിച്ചത്. കൊല്ലപ്പെട്ടവരിൽ കൂടുതലും പാകിസ്ഥാനിലെ അഭയാർത്ഥികളാണെന്ന് താലിബാൻ സ്ഥിരീകരിച്ചു.