ഒരു വര്‍ഷത്തിനിടെ അമേരിക്കയില്‍ ആക്രമിക്കപ്പെട്ടത് 67 കത്തോലിക്കാ ദേവാലയങ്ങള്‍
ടെക്സാസ്: കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആക്രമിക്കപ്പെട്ടത് 67 കത്തോലിക്കാ ദേവാലയങ്ങളാണെന്ന് അമേരിക്കന്‍ മെത്രാൻ സമിതിയുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മിറ്റി. 25 സംസ്ഥാനങ്ങളിലെ കണക്കാണിത്. തിരുസ്വരൂപങ്ങൾ തകർക്കുക, വിരൂപമാക്കുക, ശവകുടീരങ്ങളിൽ നാസി ചിഹ്നം വരയ്ക്കുക, കത്തോലിക്ക വിരുദ്ധ പരമര്‍ശങ്ങള്‍ എഴുതുക, ദേവാലയ സമീപത്ത് അമേരിക്കൻ പതാക കത്തിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോസാഞ്ചലസിലെ സെന്റ് ഗബ്രിയേൽ ആർക്ക്ഏഞ്ചൽ മിഷൻ ദേവാലയത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വെളിച്ചത്തു വന്നിട്ടില്ലായെന്നതും സെന്റ് ചാൾസ് കത്തോലിക്കാ സ്കൂളിലുണ്ടായ അഗ്നിബാധയുടെ കാരണവും കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇക്കഴിഞ്ഞ ആഴ്ച കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന സെന്റ് എലിസബത്ത് ദേവാലയത്തിലെ ഗ്വാഡലൂപേ മാതാവിന്റെ സ്വരൂപത്തിന്റെ മുഖഭാഗം ഒരു അക്രമി ചുറ്റിക ഉപയോഗിച്ചു തകർത്തിരുന്നു. ഏപ്രിൽ പതിനേഴാം തീയതി കാലിഫോർണിയയിലെ ഹോളി റോസറി ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, മഗ്ദലന മറിയത്തിന്റെയും, യോഹന്നാൻ അപ്പസ്തോലന്റെയും രൂപങ്ങൾ ആരോ പെയിൻറ് ഉപയോഗിച്ച് വികൃതമാക്കിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അക്രമങ്ങളെ അമേരിക്കയിലെ മെത്രാന്മാർ നിരവധി തവണ അപലപിച്ചിരിന്നുവെങ്കിലും കുറവുണ്ടായിട്ടില്ലായെന്നത് ശ്രദ്ധേയമാണ്.
ആരാധനാലയങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ മാസം മറ്റ് മതവിഭാഗങ്ങൾക്കൊപ്പം അമേരിക്കൻ മെത്രാൻ സമിതിയുടെ മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മിറ്റി യുഎസ് കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നു. 360 മില്യൺ ഡോളറായി സാമ്പത്തിക സഹായം വർദ്ധിപ്പിക്കണമെന്നാണ് കത്തിലൂടെ അവർ ആവശ്യപ്പെട്ടത്. സ്വന്തം മതവിശ്വാസം ഭയമില്ലാതെ ജീവിക്കാൻ അമേരിക്കൻ പൗരൻമാർക്ക് സംരക്ഷണം നൽകുന്നത് സർക്കാരിന്റെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണെന്ന് കത്തിൽ സൂചിപ്പിച്ചിരിന്നു.