ജർമനിയിൽ എക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരായ പ്രതിഷേധം ശക്തമാകുന്നു
ബെർലിൻ: ജർമനിയിൽ എക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരായ പ്രതിഷേധം ശക്തമാകുന്നു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുവെന്ന് വ്യക്തമാക്കി 60ലേറെ സർവകലാശാലകളാണ് എക്‌സ് അക്കൗണ്ട് ഉപേക്ഷിച്ചത്.
ജർമ്മൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മസ്ക്, എക്സിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)യെ പിന്തുണച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിരുന്നത്. പിന്നാലെയാണ് എക്സ് ഉപേക്ഷിക്കുന്ന ക്യാമ്പയിനുമായി സർവകലാശാലകൾ രംഗത്ത് എത്തുന്നത്.
ടിയു ഡ്രെസ്ഡൻ, ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബർലിൻ, ബർലിൻ ഹുംബോൾട്ട് യൂണിവേഴ്സിറ്റി, കൊളോണിലെ ജർമൻ സ്പോർട് യൂണിവേഴ്സിറ്റി, ആർഡബ്ല്യുടിഎച്ച് ആച്ചൻ കൂടാതെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാൾട്ടിക് സീ റിസർച്ച് വാർനെമുണ്ടെ, ജർമൻ ഓർണിത്തോളജിക്കൽ സൊസൈറ്റി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും എക്സ് ഉപേക്ഷിച്ചവയിൽ ഉൾപ്പെടുന്നു.
തീവ്ര വലതുപക്ഷ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാലകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഓരോ മണിക്കൂറിലും കൂടുതൽ സർവ്വകലാശാലകൾ എക്സ് ഉപേക്ഷിക്കുന്ന ക്യാമ്പയിനില്‍ ഭാഗമാകുമെന്ന് പ്രചാരണത്തിന് നേതൃത്വം നൽകിയ ഡസൽഡോർഫിലെ ഹെൻറിച്ച് ഹെയ്ൻ യൂണിവേഴ്സിറ്റി വക്താവ് അച്ചിം സോൾകെ പറഞ്ഞു.