സാറ്റലൈറ്റ് ചിത്രം ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയിൽ കിട്ടും; MBZ-SAT വിക്ഷേപണം വിജയം; ചരിത്രനേട്ടത്തിന്റെ പാസ്പോർട്ട് സ്റ്റാമ്പും പുറത്തിറക്കി

0

ദുബായ്: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ എംബിസെഡ്-സാറ്റിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഉപഗ്രഹത്തിന്റെ ഭ്രമണപദത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.

കാലിഫോർണിയയിൽ നിന്ന് ചൊവ്വാഴ്ച രാത്രി യുഎഇ സമയം 11.09ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് എം.ബി.സെഡ്-സാറ്റ് വിക്ഷേപിച്ചത്. ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ ക്യാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.സെഡ്-സാറ്റ്’. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
ഭ്രമണപദത്തിലെത്തിയ ഉപഗ്രഹത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായും മുഴുവൻ സംവിധാനങ്ങളും പ്രവർത്തനക്ഷമമായതായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള എം.ബി.സെഡ്-സാറ്റ് ഉപഗ്രഹം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് വികസിപ്പിച്ചത്. ആഗോള ബഹിരാകാശ വ്യവസായത്തിലെ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. എം.ബി.സെഡ്-സാറ്റിനൊപ്പം യുഎഇയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1ഉം വിക്ഷേപിച്ചിട്ടുണ്ട്. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യുഎഇ നേരത്തേ ഭ്രമണ പദത്തിലെത്തിച്ചിരുന്നു

എംബിസെഡ് – സാറ്റ് വിക്ഷേപണ വിജയത്തിന്റെ സ്മരണക്കായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ പാസ്പോർട്ടുകളിൽ എംബി സെഡ് – സാറ്റ് മുദ്ര പതിപ്പിച്ചിരുന്നു. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ചരിത്രപ്രാധാന്യത്തിനും അതിന്റെ ശാസ്ത്രസാങ്കേതിക നേട്ടത്തിനുമുള്ള ആദരസൂചകമാണ് പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

You might also like