പതിനഞ്ചാമത് ബാച്ച് ഫൈസര്‍ വാക്സിന് കുവൈറ്റിലെത്തി
കുവൈറ്റ് സിറ്റി: ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്സിന്റെ പതിനഞ്ചാമത് ബാച്ച് കുവൈറ്റിലെത്തി. വാക്സിനുകള്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.
കോവിഡ് വാക്സിനേഷന് വേഗത്തിലാക്കാന്‍ അടുത്ത ബാച്ച് വാക്സിനകളും ഉടനെത്തും. പന്ത്രണ്ടര ലക്ഷം ആളുകള്‍ക്ക് ഇതുവരെയായി വാക്സിനേഷന് നല്‍കിയിട്ടുണ്ട്. അതിനിടെ കുവൈറ്റില്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 18 ലക്ഷം കടന്നു. സ്വദേശികളും വിദേശികളുമുള്പ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്മെന്റ് നല്‍കിയാണ് വാക്സിനേഷന്.
ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. രണ്ടാം ഡോസ് വാക്സിന് എടുക്കേണ്ടതിന്റെ തീയതി ഇതില്‍ രേഖപ്പെടുത്തും. രണ്ടാം ഡോസ് തീയതി ഓര്‍മ്മപ്പെടുത്താന്‍ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയയ്ക്കും. വാക്സിന് സ്വീകരിച്ച ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.