യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30 നാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ ചടങ്ങ് പൂർണമായും ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും ചടങ്ങ് നടക്കുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളിൽ തന്നെയായിരിക്കും. കാപ്പിറ്റോൾ വൺ അറീനയാണ് പരേഡ് വേദി.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉൾപ്പെടെ ലോക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുത്തേക്കും . ഇരുവരും ട്രംപ് ഒരുക്കിയ വിരുന്നിലും പങ്കെടുത്തിരുന്നു. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ് , ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റൺ, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. ഇവരോടപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡൻ പ്രസിഡന്റായപ്പോൾ സ്ഥാനാരോഹണചടങ്ങിൽ ട്രംപ് പങ്കെടുത്തിരുന്നില്ല.
അതേസമയം, മുൻ പ്രഥമ വനിതയും ബരാക് ഒബാമയുടെ ഭാര്യയുമായ മിഷേൽ ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ചടങ്ങിനെത്തില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉൾപ്പെടെയുള്ള നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്