അമേരിക്കയെ സമ്പന്നവും ആരോഗ്യകരവും ശക്തവും മഹത്തരവുമാക്കും; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലിയിൽ പങ്കെടുത്ത് ട്രംപ്

0

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസി‍ഡൻ്റായുള്ള സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആരാധകർക്കായി വാഷിംങ്ടണില്‍ റാലി ഒരുക്കി ഡൊണാൾഡ് ട്രംപ്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് ട്രംപ് ആരാധകർ ഒഴുകിയെത്തി.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ നാല് വർഷങ്ങളുടെ വക്കിലാണെന്ന് ട്രംപ് തന്റെ സമാപന പ്രസംഗത്തിനിടെ പറഞ്ഞു. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന തന്റെ ലക്ഷ്യം പല തവണ ആവർത്തിച്ചുകൊണ്ടിരുന്നു. പോരാടുക, പോരാടുക, പോരാടുക, വിജയിക്കുക, വിജയിക്കുക, വിജയിക്കുക എന്ന് ഉറക്കെ ആവർത്തിച്ച് അദേഹം റാലിയിൽ എത്തിയവരെ ആവേശഭരിതരാക്കി.

വാഷിങ്ടൺ ഡിസിയിലെ തിരക്കേറിയ ക്യാപിറ്റൽ വൺ അരീനയിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തിനെ അഭിസംബോധന ചെയ്ത് തിരിച്ചുവരാൻ കഴിഞ്ഞതിൽ താൻ വളരെ ആവേശഭരിതനാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയെ സമ്പന്നവും ആരോഗ്യകരവും ശക്തവും അഭിമാനകരവും സുരക്ഷിതവും മഹത്തരവുമാക്കുമെന്നും നിയുക്ത പ്രസിഡന്റ് വാഗ്ദാനം ചെയ്തു. ടിക്ടോക്കിനെ തിരികെ കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

നാളെ സൂര്യൻ അസ്തമിക്കുമ്പോഴേക്കും നമ്മുടെ അതിർത്തികളിലെ അധിനിവേശം നിലച്ചിരിക്കും നിയമ വിരുദ്ധമായി അതിർത്തി കടന്ന് അമേരിക്കയിൽ എത്തിയവരെ മുഴുവൻ ഏതെങ്കിലും രൂപത്തിൽ അവരുടെ നാട്ടിലേക്ക് മടക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളും ചരിത്രപരമായ വേഗത്തിൽ പരിഹരിക്കുമെന്ന് ട്രംപ് ആവർത്തിച്ചു.

ആർലിങ്ടൺ ദേശീയ സെമിത്തേരിയിലും ട്രംപ് സന്ദർശനം നടത്തി. കറുത്ത ഓവർകോട്ട്, ചുവന്ന ടൈ, കറുത്ത കയ്യുറ എന്നിവ ധരിച്ചെത്തിയ അദേഹം സൈനികരുടെ ശവകുടീരത്തിൽ പുഷ്പങ്ങളും അർപ്പിച്ച് പ്രാർത്ഥിച്ചു

You might also like