യുഎസിൽ ടിക്ടോക്കിനെ നിരോധിക്കുന്ന നിയമം ശരിവച്ച് സുപ്രീം കോടതി
യുഎസിൽ ടിക്ടോക്കിനെ നിരോധിക്കുന്ന നിയമം ശരിവച്ച് സുപ്രീം കോടതി. ടിക്ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനി ബൈറ്റ്ഡാൻസ് ഈ ഞായറാഴ്ചയോടെ പ്ലാറ്റ്‌ഫോം വിൽക്കുന്നില്ലെങ്കിൽ യുഎസിൽ ടിക് ടോക്ക് നിരോധിക്കപ്പെടും. യുഎസിൽ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് ടിക്ടോക് അവകാശപ്പെടുന്നത്. നിരോധന നിയമം യുഎസ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തെ ലംഘിക്കുന്നെന്ന് ടിക് ടോക്ക് വാദിച്ചെങ്കിലും രാജ്യത്തെ പരമോന്നത കോടതി ആ വാദം ഏകകണ്ഠമായി നിരസിച്ചു.
ടിക് ടോക്ക് ആപ്പിന്റെ യുഎസ് പതിപ്പ് വാങ്ങാനായി ഒരാളെ കണ്ടത്തുക അല്ലാത്ത പക്ഷം ആപ്പ് സ്റ്റോറുകളിൽ നിന്നും വെബ് ഹോസ്റ്റിംഗ് സേവനങ്ങളിൽ നിന്നും നീക്കം ചെയ്യുക എന്നാണ് കോടതി നിലപാട്. തിങ്കളാഴ്ച അധികാരമേറ്റെടുക്കുന്ന ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടമാണ് നിയമം നടപ്പിലാക്കേണ്ടതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഒട്ടും വൈകാതെ തന്നെ തീരുമാനമെടുക്കുമെന്ന് ട്രംപും അറിയിച്ചിരുന്നു.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂപങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പുമായി പ്രവർത്തിക്കാനും അത് യുഎസിൽ ലഭ്യമാക്കാനുമുള്ള ട്രംപിൻ്റെ പ്രതിബദ്ധതയ്ക്ക് സി ച്യൂ നന്ദി അറിയിച്ചിരുന്നു.
ചൈനീസ് സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക് നിരോധിക്കാൻനിയമം പാസാക്കിയത്.എന്നാൽ ബീജിംഗിന് ഒരു വിവരവും കൈമാറുന്നില്ല എന്ന് ടിക് ടോക്ക് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.