ഗ്രീഷ്മ ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസി, താമസം റിമാൻഡ് പ്രതികൾക്കൊപ്പം

0

തിരുവനന്തപുരം: മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി കാമുകനെ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് ജയിലിൽ ലഭിച്ചതും ഒന്നാം നമ്പർ‌. 2025ലെ ആദ്യത്തെ വനിതാ ജയിൽ പുള്ളിയായതിനാലാണ് 1/2025 എന്ന നമ്പർ നൽ‌കിയിരിക്കുന്നത്.

അട്ടക്കുളങ്ങര വനിതാ ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റി.
വധശിക്ഷ വിധിയുമായി വീണ്ടും അട്ടക്കുളങ്ങരയിലേക്ക് എത്തിക്കുമ്പോൾ പരാതികൾ ഉയരുമോ എന്നത് കണ്ടറിയണം. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ആണ്സുഹൃത്തായിരുന്ന ഷാരോണിന് കഷായത്തില് വിഷം കലക്കി നല്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ് ഒടുവിൽ ഒക്ടോബര് 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്തുവന്നിരുന്നു. വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്. ഇതിനുള്ള ആദ്യ ശ്രമമായിരുന്നു പാരസെറ്റമോൾ ജൂസിൽ കലക്കി നൽകിയത്.

അളവിൽ കൂടുതൽ ഗുളിക ജൂസിൽ കലക്കിയാൽ മരണം സംഭവക്കുമെന് മനസിലാക്കാൻ 23 പ്രാവശ്യം മൊബൈലിൽ ഗ്രീഷ്മ സെർച്ച് ചെയ്തുവെന്നും ആദ്യ വധശ്രമം പരാജയപ്പെട്ട പ്പോൾ അതേ രീതി വീണ്ടും പരീക്ഷിച്ചവെന്നും കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നും വിധി പകര്‍പ്പിൽ പറയുന്നു.

കല്യാണ നിശ്ചയം കഴിഞ്ഞശേഷം ഷാരോണിനെ ഒഴിവാക്കാൻ പലശ്രമങ്ങളും ഗ്രീഷ്മ നടത്തിയെങ്കിലും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെ മറ്റു വഴികള്‍ ഇല്ലാതെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.  അതിനായി വിവിധ തരത്തിലുള്ള ഗവേഷണം തന്നെ നടത്തി.വിഷം നൽകി എങ്ങനെയൊക്കെ കൊല്ലാമെന്നതിനെക്കുറിച്ച് പഠിച്ചു.

പാരസെറ്റാമോള്‍ കൂടുതൽ കഴിച്ചാൽ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും എങ്ങനെ മരണം ഉണ്ടാകുമെന്നതിനെക്കുറിച്ചും പഠിച്ചു. കോളേജ് ടോയ്ലറ്റിൽ വെച്ച് ഒരു തവണ പാരസെറ്റാമോളും ഡോളോയും വെള്ളത്തിൽ കലക്കി കുപ്പിയിലാക്കിയശേഷം ബാഗിൽ സൂക്ഷിച്ചു. തുടര്‍ന്ന് ഷാരോണിനെയും കൂട്ടി പുറത്തുപോയ സമയത്ത് കടയിൽ പോയി രണ്ടു ബോട്ടിൽ ജ്യൂസ് വാങ്ങി ബാഗിൽ വെച്ചു. പിന്നീട് വീണ്ടും കോളേജിലെ ടോയ്ലറ്റിലെത്തി ജ്യൂസും പാരസെറ്റാമോള്‍ കലക്കിയതും മിക്സ് ചെയ്തു. ഇത് ഷാരോണിന് കൊടുത്തെങ്കിലും ടേസ്റ്റ് വ്യത്യാസം കാരണം ഷാരോണ്‍ കുടിച്ചില്ല.

പിന്നീട് 2022 ഒക്ടോബര്‍ 14ന് വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് ഷാരോണിലെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന് വിളിച്ചുവരുത്തി. ഇതിനിടയിൽ തന്നെ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലക്കി വെച്ചിരുന്നു. വീട്ടിലെത്തിയ ഷാരോണിനോട് ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് വീണ്ടും സ്നേഹം നടിച്ച് കഷായം കുടിക്കാൻ വെല്ലുവിളിച്ചു.  മുൻ കഷായം കുടിക്കാമെന്ന് ചലഞ്ച് ചെയ്ത് പറഞ്ഞിരുന്നതല്ലേയെന്ന് ചോദിച്ച് കുടിക്കാൻ പറയുകയായിരുന്നു. തുടര്‍ന്ന് കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണ്‍ കുടിച്ചു.

ഇതിനുശേഷം ചുവ മാറാൻ ജ്യൂസ് നൽകി. തിരിച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ പലതവണ ഷാരോണ്‍ ഛര്‍ദിച്ചു. ഗ്രീഷ്മ തന്നെ ചതിച്ചെന്ന് ഷാരോണ്‍ സുഹൃത്തിനോട് പറയുകയും ചെയ്തു. രാത്രി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയശേഷവും ഛര്‍ദി തുടര്‍ന്നു. പിറ്റേ ദിവസം തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.  ഇതിനുശേഷമാണ് വിഷം അകത്തുചെന്നത് സ്ഥിരീകരിച്ചതെന്നതടക്കമുള്ള കേസിൽ സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊണ്ടാണ് കോടതി ശിക്ഷാവിധിയെക്കുറിച്ച് വിശദമാക്കുന്നത്.

You might also like