പകുതി വിലയ്ക്ക് സ്ക്കൂട്ടർ: 350 കോടിയോളം രൂപയുടെ തട്ടിപ്പ്;വിവിധ ജില്ലകളിൽ നിന്നും പരാതി
കൊച്ചി: പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂവാറ്റുപുഴയില്‍ അറസ്റ്റിലായ അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്‌ളാറ്റില്‍ ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ വരാറുണ്ടായിരുന്നെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. 10 പേരില്‍ കൂടുതല്‍ സ്റ്റാഫും രണ്ട് ഡ്രൈവര്‍മാരും അനന്തുവുമുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു.
ഈ ഫ്‌ളാറ്റില്‍ പോലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. അനന്തുവിന് കിട്ടിയ വിവിധ വ്യക്തികളുടേയും സംഘടനകളുടേയും പേരിലുള്ള ട്രോഫികളും പുരസ്‌കാരങ്ങളും ഫ്‌ളാറ്റില്‍ അടുക്കിവെച്ചിരുന്നു. ഇതും തട്ടിപ്പിന്റെ ഭാഗമാണെന്നാണ് പോലീസ് കരുതുന്നത്
കഴിഞ്ഞ ഞായാറാഴ്ച്ച പല തവണകളായി അനന്തുവിന്റെ സംഘം ഫ്‌ളാറ്റില്‍ നിന്ന് രേഖകള്‍ മാറ്റിയിരുന്നു. അനന്തു അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഈ നീക്കം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രേഖകളുടെ മുകളില്‍ പല സ്ഥലങ്ങളുടേയും പേരുകള്‍ എഴുതിയിട്ടുണ്ട്. അശോക ഫ്‌ളാറ്റ് സമുച്ചയത്തിലെ മൂന്ന് അപാര്‍ട്‌മെന്റുകളാണ് അനന്തുവും സംഘവും വാടകയ്ക്ക് എടുത്തിരുന്നത്.
ബ്ലോക്ക് അടിസ്ഥാനത്തില്‍ സൊസൈറ്റികള്‍ രൂപീകരിച്ചാണ് അനന്തുവും സംഘവും തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് 75-ല്‍ അധികം ബ്ലോക്കുകളില്‍ സൊസൈറ്റി രൂപീകരിച്ച് അതില്‍ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്. സ്‌കൂട്ടറിന് പുറമെ സോളാര്‍ പാനലുകള്‍, ലാപ്‌ടോപ്പ്, രാസവളം, തയ്യല്‍ മെഷീന്‍ എന്നിവയും പകുതി വിലയ്ക്ക് നല്‍കിയിരുന്നു. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളാണ് തട്ടിപ്പില്‍ കുടുങ്ങിയവരിലേറേയും.
1,20,000 രൂപ വിലയുള്ള സ്‌കൂട്ടര്‍ 60,000 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തില്‍ വാര്‍ഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇവര്‍ കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിലുള്ള ക്ഷേമനികേതനില്‍ തയ്യല്‍ ക്ലസ്റ്റര്‍ തുടങ്ങിയിരുന്നു. കണ്ണൂര്‍ പോലീസ് സഹകരണ സംഘവുമായി സഹകരിച്ച് സ്‌കൂള്‍ കിറ്റ് വിതരണവും നടത്തി.
അനന്തു അറസ്റ്റിലായശേഷം വിവിധ ജില്ലകളില്‍ നിന്നുള്ള പരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യത. പത്തിലേറെ സന്നദ്ധ സംഘടനകള്‍ തട്ടിപ്പിനിരയായി. ഇവരില്‍ രണ്ട് സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ ഇതുവരെ 392 പരാതിയാണ് ലഭിച്ചത്. ഇടുക്കിയില്‍ ലഭിച്ചത് 129 പരാതികളാണ്.
2019-ല്‍ ഇടുക്കിയില്‍ തട്ടിപ്പ് കേസില്‍ അനന്തു കൃഷ്ണന്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് പല ഉന്നതരേയും ഇയാള്‍ തട്ടിപ്പിന് ഇരയാക്കി. കോടികള്‍ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.