ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; കാന്തല്ലൂരിൽ 57-കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57)എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം.
വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. രണ്ടുസ്ത്രീകളുള്‍പ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്.
കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് ബിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.