2025ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് 14ന് ; ബ്ലഡ് മൂൺ ദൃശ്യമാവുക അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ

0

ന്യൂയോർക്ക്: ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 ന്. 2022 നവംബറിന് ശേഷം സംഭവിക്കുന്ന ആദ്യത്തെ പൂർണ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്.

2025 മാർച്ച് 14 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്ന് പോകുകയും ആറ് മണിക്കൂറിലധികം നീണ്ടുനിൽക്കുകയും ചെയ്യും. ഈ ചന്ദ്രഗ്രഹണത്തിൽ ബ്ലഡ് മൂൺ പ്രതിഭാസം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്നുള്ളതും ഒരു പ്രത്യേകതയാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മൂടുന്നത് മൂലം ചന്ദ്രന് അതിശയകരമായ ചുവപ്പ് നിറം ലഭിക്കുന്നത് മൂലമാണ് ബ്ലഡ് മൂൺ ദൃശ്യമാകുക.

മാർച്ച് 14ലെ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. രാജ്യത്ത് പകൽ ആയിരിക്കുന്ന സമയത്താണ് ഈ ചന്ദ്രഗ്രഹണം നടക്കുക. ഈ ചന്ദ്രഗ്രഹണം ഏറ്റവും കൂടുതൽ ദൃശ്യമാകുക വടക്കേ അമേരിക്കയിൽ ആയിരിക്കും. തെക്കേ അമേരിക്കയിലും ഈ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതാണ്. കൂടാതെ യൂറോപ്പിലും ഓസ്ട്രേലിയയിലും ആഫ്രിക്കയുടെയും ഏഷ്യയുടെയും ഏതാനും ചില പ്രദേശങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും.

ചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സൂര്യപ്രകാശത്തിന് ചന്ദ്രനിൽ എത്താൻ കഴിയില്ല. ഇതുമൂലം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെയാണ് ചന്ദ്രഗ്രഹണം എന്ന് വിളിക്കുന്നത്.

ചന്ദ്രന് ഭൂമിയെ ചുറ്റാനും ഒരു പൂർണ ചന്ദ്രനിൽ നിന്ന് അടുത്ത പൂർണ ചന്ദ്രനിലേക്ക് ഒരു ചക്രം പൂർത്തിയാക്കാനും വെറും 29.5 ദിവസങ്ങൾ മാത്രമേ എടുക്കൂ. എന്നിരുന്നാലും, ഒരു വർഷത്തിൽ ശരാശരി മൂന്ന് ചന്ദ്രഗ്രഹണങ്ങൾ മാത്രമേ ഉണ്ടാകൂ. ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്റെ ഭ്രമണപഥം പരന്നതല്ലാത്തതിനാലാണിത്. ഇത് ഏകദേശം അഞ്ച് ഡിഗ്രി കോണിലാണ്. ഇതിനർത്ഥം ചന്ദ്രൻ പലപ്പോഴും ഭൂമിയുടെ നിഴലിന് മുകളിലോ താഴെയോ നീങ്ങുന്നു എന്നാണ്.

മൂന്ന് തരം ചന്ദ്രഗ്രഹണങ്ങളാണ് ഉള്ളത്. ഭാഗിക ചന്ദ്രഗ്രഹണങ്ങൾ, പൂർണ ചന്ദ്രഗ്രഹണങ്ങൾ, പെനംബ്രൽ ചന്ദ്രഗ്രഹണങ്ങൾ എന്നിവയാണ് ഇവ. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇവ മാറിമാറി വരുന്നത്

You might also like