![](https://christianexpressnews.com/wp-content/uploads/2025/02/0-Recovered-Recovered-18.jpg?v=1739176545)
പതിനെട്ട് വയസ്സിനു താഴെയുള്ളവര്‍ പണംവെച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍.
ചെന്നൈ:പതിനെട്ട് വയസ്സിനു താഴെയുള്ളവര്‍ പണംവെച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദമുള്ളൂ. 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒ.ടി.പി. രക്ഷിതാവിന്റെ ഫോണിലാണ് ലഭിക്കുക. മാത്രമല്ല, ഇത്തരം അക്കൗണ്ടുകളിലെ ഇടപാടിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഇതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ ഓണ്‍ലൈന്‍ ഗെയിം കളിക്കല്‍ നിയന്ത്രിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രക്ഷിതാക്കള്‍ അറിയാതെ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഗെയിം കളിച്ചാലും ബാങ്ക് അക്കൗണ്ട് ഉടമയുടെ ഫോണിലേക്കാണ് ഒ.ടി.പി. വരുകയെന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് വിവരം ലഭിക്കും.
ഓണ്‍ലൈനില്‍ പണംവെച്ച് കളിക്കുന്നവരുടെ കാര്യക്ഷമത ഒരോ ദിവസവും പരിശോധിക്കണമെന്നും സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിം കമ്പനികളോട് ആവശ്യപ്പെട്ടു.
പണംവെച്ച് കളിക്കുന്നവര്‍ക്ക് ഒരോ മണിക്കൂര്‍ കൂടുമ്പോഴും പണം നഷ്ടപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ പാസാക്കിയ ഐ.ടി. ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് നടപടി.
പണംവെച്ചുള്ള ഓണ്‍ലൈന്‍ കളികള്‍ക്ക് അടിമപ്പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ജീവനൊടുക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവരുകയാണ്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.