കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് കുറച്ചതിൽ വ്യാപക പ്രതിഷേധം

0

മസ്‌കത്ത്: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി മസ്‌കത്തിലെ പ്രവാസി യാത്രക്കാർ. കണ്ണൂരിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുന്ന ‘പോയന്റ് ഓഫ് കാൾ ‘ നിരസിച്ചതിന് പിന്നാലെ കണ്ണൂരിൽനിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് കുറച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. കണ്ണൂരിൽനിന്ന് മസ്‌കത്തിലേക്കുള്ള ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ മസ്‌കത്തിലെ കണ്ണൂരുകാരുടെ യാത്ര ദുരിതം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസ് കുറവായിരുന്നെങ്കിലും ഏറെ മുറവിളിക്ക് ശേഷം ആറായി വർധിപ്പിച്ചിരുന്നു.

എന്നാൽ എയർ ഇന്ത്യ എക്പ്രസിന്റെ അടുത്ത മാസം പകുതിവരെയുള്ള പുതിയ ഷെഡ്യൂളിൽ സർവീസുകൾ നാലായി കുറച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇപ്പോൾ സർവീസ് ഉള്ളത്. മസ്‌കത്തിൽനിന്ന് പുലർച്ചെ 2.50 ന് പുറപ്പെട്ട് രാവിലെ 7.50ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സർവീസ്. എയർ ഇന്ത്യ എക്പ്രസ് സർവീസ് കുറച്ചതോടെ കണ്ണുർ വിമാനത്താവളത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുകയാണെങ്കിൽ 20 ലധികം അന്താരാഷ്ട്ര വിമാന കമ്പനികൾ കണ്ണൂരിലേക്ക് പറക്കാൻ തയ്യാറാണെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. പോയിൻ് ഓഫ് കാൾ ലഭിക്കാൻ കണ്ണൂരിലെ ജനപ്രതിനിധികൾ അടക്കം അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ കാര്യമുണ്ടായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നുമാണ് മസ്‌കത്തിലെ കണ്ണൂർ യാത്രക്കാർ പറയുന്നത്. പോയിന്റ് ഓഫ് കോൾ ലഭിക്കാൻ കേന്ദ്രത്തിൽ കൂടുതൽ സമ്മർദ്ദങ്ങൾ നടത്തുമെന്നും ഇവർ പറയുന്നു.

You might also like