ഇസ്രയേലില്‍ സ്‌ഫോടന പരമ്പര: ഭീകരാക്രമണമെന്ന് സംശയം; അടിയന്തര യോഗം വിളിച്ച് നെതന്യാഹു

0

ടെല്‍ അവീവ്: ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റിയാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനം നടന്നതും നിര്‍വീര്യമാക്കിയതും ഉള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടക വസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദേഹം തയ്യാറായില്ല.

2023 ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പാലസ്തീനിയന്‍ സെറ്റില്‍മെന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേല്‍ നടത്തിയിരുന്നത്. ഹമാസുമായി വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു

You might also like