
റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പോസ്റ്റ് ഒരു യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. തുടര്‍ന്ന് എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കി. സംഭവത്തില്‍ പൊലീസും പുനലൂര്‍ റെയില്‍വേ അധികൃതരും അന്വേഷണം നടത്തി വരികയാണ്. ദീര്‍ഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു. പോസ്റ്റ് മാറ്റി പൊലീസ് മടങ്ങിയതിന് ശേഷം വീണ്ടും ആരോ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കൊണ്ടുവന്നിട്ടു. കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ വീണ്ടും അത് നീക്കം ചെയ്തു.
സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. കാരണം ഒരാള്‍ക്ക് ഒറ്റയ്ക്ക് കൂറ്റന്‍ ടെലഫോണ്‍ പോസ്റ്റ് ഇവിടെ കൊണ്ടിടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അട്ടിമറി സാധ്യതയടക്കം പരിശോധിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്