
ഇന്ത്യക്കാരെ നിയമവിരുദ്ധമായി യു.എസിലേക്ക് അയച്ചു; 40 ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി പഞ്ചാബ്
അമൃത്സര്‍: അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് അമിത ഫീസ് വാങ്ങുന്ന വ്യാജ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ നടപടിയുമായി പഞ്ചാബ്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 40 വ്യാജ ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സുകള്‍ റദ്ദാക്കി. അടുത്തിടെ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെട്ട നഗരത്തിലെ 271 ട്രാവല്‍ ഏജന്റുമാര്‍ക്ക് അമൃത്സര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാരുടെയും ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളുടെയും ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് (എസ്ഡിഎം) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രാവല്‍ പ്രൊഫഷന്‍സ് റെഗുലേഷന്‍ ആക്ട് പ്രകാരം ട്രാവല്‍ ഏജന്റുമാര്‍, ടിക്കറ്റിങ്, കണ്‍സള്‍ട്ടന്‍സി ബിസിനസുകള്‍ എന്നിവയെ നിയന്ത്രിക്കുന്നത്തിന് പഞ്ചാബ് സര്‍ക്കാരിന് പ്രത്യേക സംവിധാനമുണ്ട്. ഈ നിയമം നടപ്പിലാക്കിയതിന് ശേഷം 3,300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും ലൈസന്‍സില്ലാത്ത ട്രാവല്‍ ഏജന്റുമാരാണ്.
പഞ്ചാബില്‍ നിന്ന് അനധികൃതമായി കുടിയേറിയ 131 പേരെയാണ് യു.എസ് സൈനിക വിമങ്ങളില്‍ ഇന്ത്യയിലേക്ക് തിരികെ അയച്ചത്. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് ട്രാവല്‍ ഏജന്റുമാര്‍ക്കതിരെ പരാതി നല്‍കിയത്. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മൂന്ന് ട്രാവല്‍ ഏജന്റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പ്രവീണ്‍ സിന്‍ഹ അറിയിച്ചു