
വെഞ്ഞാറമൂട് കൂട്ടകൊലപാതകം: മരിച്ച അഞ്ച് പേരെയും സംസ്‌കരിച്ചു
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ മരിച്ച അഞ്ച് പേരെയും സംസ്‌കരിച്ചു. പ്രതിയായ അഫാന്റെ പിതാവിന്റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരുടെ സംസ്‌കാര ചടങ്ങുകളാണ് പൂർത്തിയായത്. അഫാന്റെ പെൺസുഹൃത്തായിരുന്ന ഫർസാനയുടെ സംസ്‌കാര ചടങ്ങുകളായിരുന്നു ആദ്യം പൂർത്തിയായത്. ഫർസാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്‌കരിച്ചു. പ്രതിയുടെ അനുജൻ അഹ്‌സാന്റെയുൾപ്പടെ ബാക്കി നാല് പേരുടെയും മൃതദേഹം പേരുമല ജംഗ്ഷനിൽ പൊതുദർശനത്തിന് ശേഷം താഴെ പാങ്ങോട് ജുമാ മസ്ജിദിൽ സംസ്‌കരിച്ചു. പൊതുദർശനത്തിന് വൻ ജനാവലിയാണ് എത്തിചേർന്നത്.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലക്കേറ്റ അടിയാണ് അഞ്ചപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടർച്ചയായി തലയിൽ അടിച്ചത്. അഞ്ചപേരുടെയും തലയോട്ടി തകർന്നു. പെൺകുട്ടിയുടെയും അനുജന്റെയും തലയിൽ പലതവണ അടിച്ചു. പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. അൽപസമയത്തിനകം ഫോറൻസിക് ഡോക്ടർമാർ അന്വേഷണ സംഘത്തിന് വിവരം കൈമാറും.