
ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിൽ, പ്രതിമാസ വാടക ലക്ഷങ്ങൾ
മുംബൈയിലെ കണ്ണായ സ്ഥലത്ത് പൊന്നും വിലക്ക് ഷോറൂം വാടകക്കെടുത്ത് ടെസ്‌ല. പ്രതിമാസം 35 ലക്ഷം രൂപയാണ് ടെസ്‌ലയുടെ മുംബൈ ഷോറൂമിന്റെ വാടക. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ(ബികെസി) മേക്കര്‍ മാക്‌സിറ്റിയിലായിരിക്കും ടെസ്‌ല ഷോറൂം. ഇന്ത്യന്‍ വാഹന വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഷോറൂം വാടക നല്‍കിക്കൊണ്ടായിരിക്കും ടെസ്‌ലയുടെ വരവ്.
മേക്കര്‍ മാക്‌സിറ്റിയിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ 3,000 ചതുരശ്ര അടിയിലായിരിക്കും ടെസ്‌ല ഷോറൂം പ്രവര്‍ത്തിക്കുക. ഇതും വാടക 35 ലക്ഷത്തിലേക്കുയരാന്‍ കാരണമായി. കാര്‍പാര്‍ക്കിങ് സൗകര്യവും മുംബൈയിലെ ടെസ്‌ല ഷോറൂമിനുണ്ടാവും. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വാടക ഈടാക്കുന്ന വ്യാപാര കെട്ടിടങ്ങളുള്ള പ്രദേശമാണ് മുംബൈയിലെ ബികെസി.
മുംബൈയിലേക്കാള്‍ വിശാലമാണ് ഡല്‍ഹിയിലെ ടെസ്‌ല ഷോറൂമിനായി കണ്ടു വെച്ചിരിക്കുന്ന സ്ഥലം. എന്നാല്‍ വാടക മുംബൈയെ വെച്ചു നോക്കുമ്പോള്‍ കുറവാണു താനും. ഏകദേശം 4,000 ചതുരശ്ര അടി വലിപ്പമുണ്ട് ഡല്‍ഹി ഷോറൂമിന്. പ്രതിമാസ വാടക 25 ലക്ഷമാണ്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ബ്രൂക്ക് ഫീല്‍ഡിന്റെ സ്ഥലത്താണ് ടെസ്‌ലയുടെ ഡല്‍ഹി ഷോറൂം പ്രവര്‍ത്തിക്കുക.
അമേരിക്കയില്‍ ട്രംപ് പ്രസിഡന്റാവുകയും ഇലോണ്‍ മസ്‌ക് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് തലവനാവുകയും ചെയ്തതോടെയാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ വേഗത കൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ച്ചയും സഹായകരമായി. ഈ കൂടിക്കാഴ്ച്ചക്കു പിന്നാലെ ഇന്ത്യയില്‍ 17 പുതിയ തൊഴിലവസരങ്ങള്‍ അറിയിച്ചുകൊണ്ട് ലിങ്ക്ഡ്ഇന്‍ പേജില്‍ ടെസ്‌ല ഇട്ട പോസ്റ്റ് ഇന്ത്യയിലേക്കുള്ള വരവിന്റെ സ്ഥിരീകരണം കൂടിയായി.
35,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവ 110%ത്തില്‍ നിന്നും 20% ആക്കി ഇന്ത്യ കുറക്കുമെന്നാണ് സൂചനകള്‍. ഈയൊരു തീരുമാനമാണ് ടെസ്‌ലയുടെ വരവില്‍ നിര്‍ണായകമാവുക. കുറഞ്ഞ നികുതിയില്‍ വൈദ്യുത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ കുറഞ്ഞത് പുതിയതായുള്ള 4,150 കോടി രൂപയുടെ നിക്ഷേപം നടത്തണം. നേരത്തെയുള്ള നിക്ഷേപങ്ങളോ സ്ഥലങ്ങളോ നിര്‍മാണ ചിലവുകളോ പരിഗണിക്കില്ല.
ഇതിനു പുറമേ ക്രമാനുഗതമാത വരുമാന വളര്‍ച്ചയും നേടാന്‍ വൈദ്യുത വാഹന കമ്പനിക്ക് സാധിക്കണം. രണ്ടാം വര്‍ഷം 2,500 കോടിയും നാലാം വര്‍ഷം 5,000 കോടി രൂപയും അഞ്ചാം വര്‍ഷം 7,500 കോടി രൂപയുമാണ് വരുമാനം നേടേണ്ടത്. നിര്‍മാണ സംവിധാനം ഒരുക്കുന്നതിന് മൂന്നു വര്‍ഷകാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാലത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന നാലിലൊന്ന് വാഹനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനാവണം. അഞ്ചുവര്‍ഷമായാല്‍ ഇത് 50 ശതമാനത്തിലേക്കുയര്‍ത്തുകയും ചെയ്യണം. ഈ നിബന്ധനകള്‍ പാലിക്കുന്ന വിദേശ ഇവി കമ്പനികള്‍ക്ക് 8,000 ആഡംബര വൈദ്യുത വാഹനങ്ങള്‍ കുറഞ്ഞ നികുതിയില്‍ ഇറക്കുമതി ചെയ്യാനാവും.