സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണം; കേന്ദ്രത്തോട് സുപ്രീം കോടതി

0

ന്യൂഡല്‍ഹി | സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളിലേതടക്കമുള്ള മോശം ഉള്ളടക്കങ്ങള്‍ക്കെതിരെ മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം.

യൂട്യൂബര്‍ രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദ്ദേശം. ബിയര്‍ ബൈസപ്സ് എന്നറിയപ്പെടുന്ന രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം കര്‍ശന നടപടി സ്വീകരിച്ചിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ വിവാദ എപ്പിസോഡ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്യുകയും ചെയ്തു. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു.

പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് വഴിവച്ചത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. വന്‍ പ്രതിഷേധത്തിനു പിന്നാലെ രണ്‍വീര്‍ അലബാദിയ, സാമൂഹിക മാധ്യമ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികര്‍ത്താക്കള്‍ക്കെതിരെ അസം പോലീസ് കേസെടുത്തിരുന്നു.

You might also like