
ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ
കാലിഫോർണിയ: ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ഫയർഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ പേടകമാണ് ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ബ്ലൂ ഗോസ്റ്റ് പകർത്തിയ ചിത്രം ഫയർഫ്ലൈ എയ്റോസ്പേസ് എക്സിൽ പങ്കുവെച്ചു. ജനുവരി 15നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ലാൻഡർ വിക്ഷേപിച്ചത്. മാർച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനിൽ ഇറങ്ങി നിമിഷങ്ങൾക്കകം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചിരുന്നു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. ചന്ദ്രന്റെ ഉൾഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാൻഡർ പഠിക്കും. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ താപ പരിണാമത്തെ മനസിലാക്കാൻ സഹായിക്കും. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ ഗവേഷകർക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും അറിയാൻ സാധിക്കും.പേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ. 2024 ഫെബ്രുവരിയിൽ അമേരിക്കൻ എയ്റോസ്പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസും പേടകം ചന്ദ്രനിലിറക്കിയിരുന്നു.