തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ‘സ്ഥാനം’ ഡല്‍ഹി

0

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ‘സ്ഥാനം’ ഡല്‍ഹി നിലനിര്‍ത്തി. 2024ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഇതനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണ്. അസം-മേഘാലയ അതിര്‍ത്തിയിലുള്ള ബൈര്‍ണിഹത്താണ് ഒന്നാംസ്ഥാനത്ത്. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, നോയിഡ, മുസാഫര്‍നഗര്‍, മധ്യ ഡല്‍ഹി, ഡല്‍ഹി തുടങ്ങിയവയാണ് മറ്റ് നഗരങ്ങള്‍.

ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ശരാശരി വായു ഗുണനിലവാര സൂചിക ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക മാനദണ്ഡത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. 2023ല്‍, ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായിരുന്നു ഇന്ത്യ. ‘ഇന്ത്യയില്‍ വായു മലിനീകരണം ഒരു പ്രധാന ആരോഗ്യ ബാധ്യതയായി തുടരുന്നു. ഇത് 5.2 വര്‍ഷത്തോളം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു’ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

138 രാജ്യങ്ങളിലെയും 8,954 സ്ഥലങ്ങളിലെയും 40,000ത്തിലധികം വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

You might also like